Just in

സോളാറില്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ ആഭ്യന്തരമന്ത്രിയും കുടുങ്ങി കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരും പ്രതികള്‍



തിരുവനന്തപുരം: വിവാദമായ സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. ജുഡീഷ്യല്‍ കമ്മീഷന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്താമെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി പിണറായി വിജയന്‍ വ്യക്തമാക്കി. ഇത് പ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ട് ഇടപെട്ടു. പ്രത്യേക അന്വേഷണ സംഘത്തലവന്‍ അടക്കമുള്ളവര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെട്ടെന്നും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന് എതിരെയും കടുത്ത പരാമര്‍ശങ്ങളാണ് കമ്മീഷന്റെ കണ്ടെത്തല്‍.

നാല് വാള്യങ്ങളുള്ള റിപ്പോര്‍ട്ടാണ് താന്‍ സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ജസ്റ്റിസ് ശിവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 27ന് കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു സോളാര്‍ തട്ടിപ്പ് കേസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ ഉള്‍പ്പടെ നിരവധി പ്രമുഖരെ കേസില്‍ കമ്മീഷന്‍ വിസ്തരിച്ചിരുന്നു.നിയമത്തില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് ഉത്തരമായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
2013ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസായ ജി.ശിവരാജനെ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചത്. പിന്നീട് കമ്മീഷന് പലതവണ കാലാവധി നീട്ടി നല്‍കിയിരുന്നു. സോളാര്‍ കേസില്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായോ എന്നും ഉണ്ടായെങ്കില്‍ ആരാണ് ഉത്തരവാദി എന്നതുമാണ് കമ്മീഷന്‍ അന്വേഷിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി കമീഷനുമുന്നില്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ മൊഴി നല്‍കിയിരുന്നു. അടുത്ത നടപടിയെന്നോണം കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കേണ്ടതുണ്ട്.

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top